Friday, July 24, 2009

ഞാനും കടലും

ഞാന്‍ കടല്‍ത്തീരത്ത് ഇരിക്കുകയാണ്. കണ്ണടച്ചാല്‍ ഓംകാരനാദം വ്യക്തമായി കേള്‍ക്കാം. കടല്‍ത്തിരകള്‍ പോലെ പ്രഷുബ്ധമാണ് എന്റ്റെ മനസ്സ്. പ്രഷുബ്ധമായ കടല്‍ കാണുന്നത് സത്യത്തില്‍ എനിക്കാശ്വാസമാണ്. എന്റ്റെ മനസ്സുപോലെ അശാന്തമായ മറ്റൊന്നുകൂടിയുണ്ടല്ലോ ഈ ലോകത്ത്. പക്ഷേ ഞങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളാണേറെയുള്ളത്. ഓളപ്പരപ്പില്‍ അശാന്തമെങ്കിലും അടിത്തട്ടില്‍ കടല്‍ സമ്പന്നയാണ്. ഞാനൊ ദരിദ്രയും.... മലിനവും ശുദ്ധവുമായ എന്തിനേയും ഉള്‍ക്കൊള്ളാനുള്ള സാഗരത്തിന്റ്റെ ഹൃദയവിശാലത എനിക്കില്ല. ഒരിക്കലും നിറഞ്ഞുകവിയാതെ പൂര്‍ണ്ണതയുടെ പ്രതീകമാണ് കടല്‍, ഞാനൊ അപൂര്‍ണ്ണബിന്ദുക്കളില്‍ പൂര്‍ണ്ണത തേടിയലയുന്ന ഒരപൂര്‍ണ്ണബിന്ദുവും. ബാഹ്യചലനങ്ങള്‍ ഉള്ളപ്പോഴും കടല്‍ നിശ്ചലമാണ്. കടല്‍ പോലെ നിശ്ചലമാകുമ്പോള്‍ എന്റ്റെ മനസ്സും പൂര്‍ണ്ണത നേടുമായിരിക്കും........

മനസ്സില്‍ വിഷമമുള്ള ഒരു ദിവസം കടല്‍ കണ്ടിട്ടു വന്ന് എഴുതിയത്. ഇന്നത്തെ ചെറിയദു:ഖങ്ങളൊക്കെ നാളെ ചിരിക്കാനുള്ള വകയാണെന്നെനിക്കറിയാം. അതുകൊണ്ട് ഇതൊക്കെ ഞാന്‍ നാളേക്കു വേണ്ടി സൂക്ഷിക്കുന്നു.

Monday, July 13, 2009

മൌനം

2005ല്‍ ഒരു ദിവസം ഞങ്ങള്‍ ആശ്രമത്തിലെ ഭജനമന്ദിരത്തില്‍ സ്വാമിയുടെ സമീപം ഇരിക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ സ്വാമി വളരെയധികം തമാശകള്‍് പറയുകയും കഥകള്‍് പറഞ്ഞുതരികയും കാര്യങ്ങള്‍ വളരെയധികം വിശദീകരിക്കുകയും ചെയ്യുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് ഞങ്ങള്‍ക്ക് ആദ്ധ്യാത്മിക ഭാഷ പരിചിതമായപ്പോള്‍ സ്വാമിയുടെ ഭാഷണങ്ങള്‍ ചെറിയ ചെറിയ വരികളിലൊതുങ്ങി. പിന്നീടത് വാക്കുകളും ചിലപ്പോഴൊക്കെ നിറഞ്ഞ മൌനവുമായി മാറി.

അന്നു ഞങ്ങള്‍ സ്വാമിയുടെ അടുത്തിരിക്കുമ്പോള്‍ രാത്രിയായിരുന്നു. സ്വാമി മൌനത്തെക്കുറിച്ചാണ് സംസാരിച്ചത്. വാക്കുകള്‍ മാത്രം. സമ്പൂര്‍ണ്ണത, നിറവ്, ആനന്ദം, അസ്തിത്വം തുടങ്ങി മൌനത്തെ വെളിപ്പെടുത്തുന്ന വാക്കുകള്‍. അപ്പോള്‍ കറണ്ട് പോയി. ഭജനമന്ദിരത്തിന്‍റെ അങ്ങേയറ്റത്തുള്ള നിലവിളക്കില്‍ നിന്നും വരുന്ന ചെറിയ പ്രകാശം മാത്രം. സ്വാമിയുടെ മുഖം പോലും എനിക്ക് കാണാന്‍ പറ്റുന്നില്ല. എന്‍റെ എല്ലാ ഇന്ദ്രിയങ്ങളും സ്വാമിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വാമിയുടെ വാക്കുകളുടെ ഇടയിലുള്ള gap കൂടിക്കൂടി വന്നു. ഒരോ വാക്കിനുശേഷവും അടുത്ത വാക്കിനായി അങ്ങേയറ്റം ഏകാഗ്രതയോടെ ഞാനിരുന്നു. മനസ്സില്‍ ചലനങ്ങളൊന്നുമില്ലാതെയായി..
പ്രഭാഷണത്തിനൊടുവില്‍ സ്വാമി പറഞ്ഞു ‘എന്‍റെ വാക്കുകളുടെ ഇടവേളകളില്‍ നിങ്ങളെന്താണോ അനുഭവിച്ചത് അതാണ് മൌനത്തിന്‍റെ ആനന്ദം’. ശരിയാണ് ആ ആനന്ദം, ആ നിറവ് എത്രയോ ദിവസം എന്നില്‍ നിറഞ്ഞു നിന്നു.
ഇന്ന് ഒരു മണി മുഴങ്ങുന്നതു കേള്‍ക്കുമ്പോള്‍ ഓരോ മുഴക്കത്തിന്‍റെയും ഇടവേളകളില്‍ ഞാന്‍ ആനന്ദം അനുഭവിക്കാറുണ്ട്. മുന്‍പ് അത് ശൂന്യതയായിട്ടാണ് അനുഭവപ്പെട്ടിരുന്നത്.
മൌനം നിറവാണ്, അത് ശൂന്യതയല്ല

Friday, July 3, 2009

സമര്‍പ്പണം

തവ കഥാമൃതം തപ്തജീവനം
കവിഭിരീടിതം കല്മഷാപഹം
ശ്രവണമംഗളം ശ്രീമദാതതം
ഭുവി ഗൃണന്തിതേ ഭൂരിദാ ജനാ:


എനിക്കെപ്പോഴും തോന്നാറുണ്ടായിരുന്നു അതൊരു ഗുഹാക്ഷേത്രമാണെന്ന്. ആ ചെറിയ മതില്‍ക്കെട്ടിനുള്ളില്‍ ലോകം വളരെ വ്യത്യസ്തമായിരുന്നു. അവിടുത്തെ നിലാവും അവിടെ വീശിയിരുന്ന കാറ്റും അവിടെ ഉയര്‍ന്നിരുന്ന മന്ത്രധ്വനികളുമെല്ലാം പുരാതനമായ ഒരു കാലത്തെ ഓര്‍മ്മിപ്പിച്ചു. സച്ചിദാനന്ദസാഗരത്തിന്റ്റെ ആഴങ്ങളിലേക്കും ജ്യോതിര്‍ലോകത്തിന്റ്റെ വിസ്മയങ്ങളിലേക്കും അങ്ങ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി..

യഥാര്‍ഥത്തില്‍ ഇല്ലാത്ത ഒന്നിനെയാണു തേടുന്നതെന്ന് ഇന്ന് തിരിച്ചറിയുമ്പോള്‍...

തിരികെ നടക്കാന്‍ എന്റെ മുമ്പില്‍ വഴികളൊന്നും അവശേഷിക്കാതിരിക്കുമ്പോള്‍...

ഏകാന്തതകള്‍ എന്നില്‍ ഭയവും ശൂന്യതയും നിറയ്ക്കുമ്പോള്‍....

അങ്ങേയ്ക്കു വേണ്ടി താമരമൊട്ടുകളും സുഗന്ധത്തിരികളും തേടി നടന്ന കാലത്തെ ഞാന്‍ എത്രയോ സ്നേഹിക്കുന്നു...

Design by The Blogger Templates Blogger Blog Templates

Design by The Blogger Templates