സമര്‍പ്പണം
തവ കഥാമൃതം തപ്തജീവനം
കവിഭിരീടിതം കല്മഷാപഹം
ശ്രവണമംഗളം ശ്രീമദാതതം
ഭുവി ഗൃണന്തിതേ ഭൂരിദാ ജനാ:
എനിക്കെപ്പോഴും തോന്നാറുണ്ടായിരുന്നു അതൊരു ഗുഹാക്ഷേത്രമാണെന്ന്. ആ ചെറിയ മതില്‍ക്കെട്ടിനുള്ളില്‍ ലോകം വളരെ വ്യത്യസ്തമായിരുന്നു. അവിടുത്തെ നിലാവും അവിടെ വീശിയിരുന്ന കാറ്റും അവിടെ ഉയര്‍ന്നിരുന്ന മന്ത്രധ്വനികളുമെല്ലാം പുരാതനമായ ഒരു കാലത്തെ ഓര്‍മ്മിപ്പിച്ചു. സച്ചിദാനന്ദസാഗരത്തിന്റ്റെ ആഴങ്ങളിലേക്കും ജ്യോതിര്‍ലോകത്തിന്റ്റെ വിസ്മയങ്ങളിലേക്കും അങ്ങ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി..
യഥാര്‍ഥത്തില്‍ ഇല്ലാത്ത ഒന്നിനെയാണു തേടുന്നതെന്ന് ഇന്ന് തിരിച്ചറിയുമ്പോള്‍...
തിരികെ നടക്കാന്‍ എന്റെ മുമ്പില്‍ വഴികളൊന്നും അവശേഷിക്കാതിരിക്കുമ്പോള്‍...
ഏകാന്തതകള്‍ എന്നില്‍ ഭയവും ശൂന്യതയും നിറയ്ക്കുമ്പോള്‍....
അങ്ങേയ്ക്കു വേണ്ടി താമരമൊട്ടുകളും സുഗന്ധത്തിരികളും തേടി നടന്ന കാലത്തെ ഞാന്‍ എത്രയോ സ്നേഹിക്കുന്നു...