Wednesday, December 21, 2011

സച്ചിദാനന്ദസാഗരത്തിലെ ഒരു നീര്‍മണിയില്‍ ലോകം ഗോളാകാരം പൂണ്ടിരിക്കുന്നു.......

Tuesday, September 20, 2011


ജീവിതം ഒരു സ്വപ്നം പോലെയാണെന്നു തോന്നും. ഒന്നു കണ്ണ് ചിമ്മിയാല്‍ ഈ കാഴ്ചകളെല്ലാം എന്നെന്നേക്കുമായി മറഞ്ഞു പോകും.... പിന്നീട് മറ്റൊരു സ്വപ്നത്തിലേക്ക് കണ്ണുതുറക്കാനുള്ള സാധ്യതയുണ്ടോയെന്ന് ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടുമില്ല. അങ്ങിനെയൊരു സാധ്യതയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്....അത്തരമൊരു സാധ്യതയെ തേടിയുള്ള അന്വേഷണം രസകരമാണ്.

NIMHANS ലെ ഡോ.സത് വ്ന്ത് കൌര്‍ പസ്രീജ 1998 ല്‍ ‘മരണാനന്തരജീവിതവും പുനര്‍ജന്മസിദ്ധാന്തവും’ എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണം ശ്രദ്ധേയമാണ്. പുനര്‍ജന്മം അവകാശപ്പെട്ട 600 വ്യക്തികളില്‍ നടത്തിയ
പഠനത്തില്‍ 60% പേരും തങ്ങളുടെ മുഞ്ജ്ന്മത്തെക്കുറിച്ച് നല്‍കിയ സൂചനകള്‍ യാഥാര്‍ഥ്യമാണെന്ന് നേരിട്ടുള്ള അന്വേഷണത്തിലൂടെയും ശാസ്ത്രീയമായ തെളിവുകളിലൂടെയും സ്ഥിരീകരിക്കുകയുണ്ടായി.

ഒന്നുരണ്ട് ഉദാഹരണങ്ങള്‍ ഇപ്രകാരമാണ്: കഴിഞ്ഞ ജന്മത്തില്‍ താനൊരു ചെറുപ്പക്കാരനായിരുന്നു എന്നും ഒരപകടത്തിലാണ് താന്‍ മരിച്ചതെന്നും അവകാശപ്പെട്ട പെണ്‍കുട്ടിയുടെ കാലില്‍ 9 ഇഞ്ച് നീളത്തില്‍ ഒരു മുറിവിന്റെ പാടുണ്ടായിരുന്നു. താന്‍ ജീവിച്ചിരുന്നതെവിടെയാണെന്നും പെണ്‍കുട്ടി സൂചനകള്‍ നല്‍കി. അന്വേഷണത്തില്‍ പെണ്‍കുട്ടി നല്‍കിയ സൂചനകള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടു. മരിച്ച ചെറുപ്പക്കാരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ , അപകടത്തെത്തുടര്‍ന്ന് ചെറുപ്പക്കാരന്റെ കാലില്‍ 9 ഇഞ്ച് നീളത്തില്‍ മുറിവുണ്ടായതായി രേഖപ്പെടുത്തിയിരുന്നു.


മറ്റൊരു വ്യക്തിയുടെ ശരീരത്തില്‍ ധാരാളം വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ജന്മത്തെക്കുറിച്ചുള്ള പഠനത്തില്‍, അയാള്‍ ഒരപകടത്തിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. അപകടത്തില്‍ അയാളുടെ ചില ശരീരഭാഗങ്ങള്‍ ചിതറിപ്പൊയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേ ശരീരഭാഗങ്ങളിലാണ് ഈ ജന്മത്തില്‍ വൈകല്യങ്ങള്‍ ഉണ്ടായത്.

കുട്ടികളായിരിക്കുമ്പോഴാണ് പലരും തങ്ങളുടെ കഴിഞ്ഞ ജന്മത്തെക്കുറിച്ച് വാചാലരാകുന്നത്, മുതിരുമ്പോള്‍ അതെല്ലാം മറന്നുപോവുകയും തങ്ങളുടെ പുതിയ ജീവിതവുമായി ഇണങ്ങി ചേരുകയും ചെയ്യുന്നതായി ഗവേഷക നിരീക്ഷിക്കുന്നു. പല കേസിലും മരണത്തിനും പുനര്‍ജന്മത്തിനുമിടയില്‍ ഏകദേശം 9 മാസത്തെ ഇടവേളയാണുണ്ടായിരുന്നത്.

വിര്‍ജീനിയ യൂണിവേര്‍സിറ്റി സൈക്യാട്രി വിഭാഗം മുന്‍ മേധാവി ഡോ. സ്റ്റീവന്‍സണ്‍ തന്റെ 40 വര്‍ഷം നീണ്ട ഗവേഷണത്തിലൂടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പുനര്‍ജന്മത്തിനു സാധുത നല്‍കുന്ന മൂവായിരത്തോളം കേസ്സുകളാണ് കണ്ടെത്തിയത്. അദ്ദേഹം പഠനവിധേയമാക്കിയത് പ്രധാനമായും കുട്ടികളെയാണ്. കുട്ടികളുടെ ശരീരത്തില്‍ ജന്മനായുള്ള പാടുകളും കലകളും വൈകല്യങ്ങളും (പാരമ്പര്യമായിട്ടുള്ളതും, രോഗബാധയാലുണ്ടായതും, ജനനസമയത്തുണ്ടായതും ഒഴിച്ച്) മരിച്ചുപോയ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ വൈദ്യപരിശോധനാഫലങ്ങളുമായി ഒത്തുനോക്കിയാണ് പഠനങ്ങള്‍ നടത്തിയത്. ഒരുദാഹരണം:
Figure 1. Hypopigmented macule on chest of
an Indian youth who, as a child, said he
remembered the life of a man, Maha Ram, who was
killed with a shotgun fired at close range.




2. The circles show the principal shotgun wounds
on Maha Ram, for comparison with
Figure 1. [This drawing
is from the
autopsy report of the deceased.]

ഇത്രയേറെ പഠനങ്ങള്‍ നടത്തിയെങ്കിലും പുനര്‍ജന്മം ഒരു യാഥാര്‍ഥ്യമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല, പുനര്‍ജന്മത്തിനു സാധ്യതയുണ്ടെന്നു മാത്രമേ പറയുന്നുള്ളു, കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ ആവശ്യമാണെന്നും.

പഠനങ്ങള്‍ നടത്തിയവരുടെ കേസ്സുകളിലൊന്നും കഴിഞ്ഞ ജന്മത്തില്‍ ആത്മഹത്യ ചെയ്തവരൊ സ്വാഭാവിക മരണം സംഭവിച്ചവരോ ഉള്‍പ്പെട്ടിട്ടില്ലെന്നും ശ്രദ്ധേയമാണ്. മരിക്കുന്നവരെല്ലാം പുനര്‍ജ്ജനിക്കുന്നുമില്ല.

ബാല്യത്തില്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്ന പല അകാരണഭയങ്ങളും (phobias) മുഞ്ജന്മാനുഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഇവര്‍ നിരീക്ഷിക്കുന്നു. ഒരാളുടെ വ്യക്തിത്വം എങ്ങിനെ രൂപപ്പെടുന്നു എന്നത് ശാസ്ത്രത്തിനു അത്ര കൃത്യമായി നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ല, മുഞ്ജന്മാനുഭവങ്ങള്‍ക്കും അതിലൊരു പങ്കുണ്ടാവാമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

മൂന്ന്നാല് വയസ്സുള്ളപ്പോള്‍ വെള്ളം ഓളമടിക്കുന്നത് കാണുന്നത് എനിക്കു പേടിയായിരുന്നു. പൂട്ടുന്ന വയലിനടുത്തെത്തുമ്പോള്‍ അവിടുന്ന് ഓടിപ്പോവുന്നതും പാലത്തിലൂടെ നടക്കുമ്പോള്‍ കണ്ണ് മറച്ചുപിടിക്കുന്നതുമൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു. അതൊക്കെ അകാരണമായ ഭയമാണെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നു. 5വയസ്സിനു ശേഷം ആ പേടി മാറി. പിന്നീട് കടലായും പുഴയായും വെള്ളച്ചാട്ടമായും സുനാമിയായും മഴയായും പലപല ഭാവത്തില്‍ ഇരമ്പലോടെ സ്വപ്നത്തില്‍ കടന്നു വന്ന് വെള്ളം എന്നെ ഭയപ്പെടുത്താന്‍ തുടങ്ങി. എങ്ങോട്ട് ഓടിരക്ഷപെടാന്‍ നോക്കിയാലും അവിടെയെല്ലാം തിരകള്‍ ഒഴുകിയെത്തും. രക്ഷപെടാനുള്ള ഓട്ടം ഞാന്‍ ഇപ്പോഴും തുടരുന്നു......! വെള്ളത്തെ ഭയപ്പേടേണ്ട യാതൊരു സംഭവവും ഈ ജന്മത്തില്‍ ഉണ്ടായിട്ടില്ല. ഈ ഭയത്തിന്റെ വേരുകള്‍ മറ്റൊരു ജന്മത്തിലേക്കും പടര്‍ന്നിട്ടുണ്ടാകുമോ..?

ഒരു യോഗിയുടെ ആത്മകഥ വായിച്ചപ്പോള്‍ ചില വരികള്‍ കൌതുകമുണര്‍ത്തി;

I find my earliest memories covering the anachronistic features of a
previous incarnation. Clear recollections came to me of a distant life,
a yogi amidst the Himalayan snows. These glimpses of the past,
by some dimensionless link, also afforded me a glimpse of the future.“

പിന്നീട് ന്യുറോസൈക്കോളജി ഇഷ്ടവിഷയമായപ്പോള്‍ ഇതേ വരികള്‍ വീണ്ടും ഓര്‍മ്മയിലെത്തി.
അത് സ്വപ്നങ്ങളെക്കുറിച്ച് വായിക്കുമ്പോഴായിരുന്നു. ശിശുക്കള്‍ ദിവസേന 16 മണിക്കൂറിലധികം ഉറങ്ങുന്നു. അതില്‍ കൂടുതല്‍ സമയവും REM sleep ആയിരിക്കും. അപ്പോഴാണ് സ്വപ്നം കാണുന്നത്. ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്തുണ്ടാവുന്ന ഭാവവ്യത്യാസങ്ങളില്‍ നിന്നും അവര്‍ സ്വപ്നം കാണുന്നുണ്ടെന്ന് വ്യക്തമാണ്. പക്ഷെ എന്തിനെക്കുറിച്ച്..? സ്വപ്നങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മസ്തിഷ്കത്തിന്റെ ഒരു സാധാരണ പ്രവര്‍ത്തനം എന്നതിലുപരി അത് മറ്റെന്തൊക്കെയോ ആണ്. ഭാഷ വശമില്ലാത്തതിനാല്‍ ശിശുക്കളുടെ സ്വപ്നങ്ങള്‍ വെറും ചിത്രങ്ങള്‍ മാത്രമായിരിക്കാനാണ് സാധ്യത. പക്ഷെ എന്തിന്റെ ചിത്രങ്ങള്‍....? ചുറ്റുമുള്ളതെല്ലാം ചിത്രങ്ങളായി ക്രോഡീകരിച്ച് അവയ്ക്ക് വികാരങ്ങളുടെ നിറവും മണവും നല്‍കി ഓര്‍മ്മകളായി മസ്തിഷ്കത്തില്‍ ശേഖരിച്ച്, പിന്നീട് സ്വപ്നങ്ങളായി അനുഭവിക്കാന്‍ അവര്‍ക്ക് കഴിയുമോ....? ഇവിടെയാണ് എനിക്ക് യോഗാനന്ദജിയുടെ വാക്കുകള്‍ ഓര്‍മ്മവന്നത്.

അതിനുശേഷമാണ് ‘സ്വപ്നങ്ങളുടെ നിഗൂഡതകളിലെവിടെയോ ജന്മാന്തരങ്ങളുടെ പൊരുള്‍ മറഞ്ഞിരിക്കുന്നു’ എന്നൊരു ചിന്ത ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയത്.

“മനുഷ്യജന്മത്തിന്റെ ആത്യന്തികലഷ്യം ചൈതന്യസാക്ഷാത്കാരമാണ്. ജനിമരണങ്ങള്‍ അവിടെ ഒടുങ്ങുന്നു. പിന്നെ അനന്തമായ ആനന്തം മാത്രം“ ഗുരുവിന്റെ വാക്കുകള്‍.
കേള്‍വിക്കാരില്‍ ഒരാളുടെ മനസ്സിടിഞ്ഞു, സാധനകള്‍ ചെയ്യുമ്പോഴും ആ ഓര്‍മ്മ കടന്നു വന്ന് നിരാശപ്പെടുത്തുന്നു....
സാധനകള്‍ കൃത്യമായി ചെയ്ത് മുക്തി നേടണമെന്ന് തല്‍ക്കാലം ആഗ്രഹം തോന്നുന്നില്ല........
മരണശേഷം അകലെയെങ്ങോ , പ്രപഞ്ചത്തിന്റെ ഒരു വിദൂരകോണില്‍ ഒരു നിര്‍ജ്ജീവനക്ഷത്രമായി പുനര്‍ജ്ജനിക്കാനും ഞാനില്ല......
എനിക്ക് ഈ പ്രിയസ്വപ്നത്തില്ലേക്ക് ഉണര്‍ന്നാല്‍ മതി......!

Sunday, August 28, 2011

തേടി ഞാനോടിയീ സങ്കല്പലോകത്തിലെവിടെയാണെവിടെയാണാ വസന്തം..............?

Saturday, July 23, 2011

എല്ലാ ചലനങ്ങളും ധൃതി വയ്ക്കുന്നത് നിശ്ചലതയിലെത്താനാണ്.

Sunday, April 24, 2011

മാനവസേവയാണ് മാധവസേവയെന്ന് ലോകത്തോട് പറഞ്ഞ ഗുരുദേവന്‍ വിട പറഞ്ഞിരിക്കുന്നു. പക്ഷേ, അദ്ദേഹം തീര്‍ച്ചയായും തിരികെ വരും.... വളരെ മുന്‍പെങ്ങോ ഏതോ ഒരു ജന്മത്തില്‍അദ്ദേഹം ഒരു ദേവതാസങ്കല്പത്തെ ഉപാസിച്ച് ഒരു സിദ്ധനായിത്തീര്‍ന്നു. യോഗാവസ്ഥയിലെ ഏറ്റവുംതാഴ്ന്ന തലം. തങ്ങളുടെ അധീനതയിലുള്ള സൂഷ്മശക്തിയെ ഉപയൊഗിച്ച് ഇവര്‍ക്ക് പല അമാനുഷികപ്രവൃത്തികളും ചെയ്യാനാവും. എന്നാല്‍ തങ്ങളിലുള്ള ശക്തിയെ നിരന്തര സാധനയിലൂടെ ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്കു മാത്രമേ കാലക്രമേണ മുക്താവസ്ഥയെ പ്രാപിക്കാനാവൂ. മുക്താവസ്ഥയിലെത്തിയ ഒരാള്‍ പിന്നീട് എങ്ങിനെയെല്ലാം തങ്ങളുടെ ശക്തിയെ ഉപയോഗിച്ചാലുംഅതിന് ഒരു കുറവും സംഭവിക്കില്ല. ഇന്നത്തെ ആഗ്രഹങ്ങളാണ് നാളത്തെ ബാധ്യതയായിത്തീരുന്നത്. ആഗ്രഹങ്ങളെല്ലാം തീര്‍ച്ചയായും പൂര്‍ത്തീകരിക്കേണ്ടി വരും. മോഹക്ഷയമാണ് മോക്ഷം. ആഗ്രഹങ്ങളെല്ലാം സാധിച്ചതിനു ശേഷം മാത്രമേ ഒരാള്‍ക്ക് ജനനമരണചക്രത്തില്‍ നിന്നുംപുറത്തുകടക്കാനാവൂ.. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് അസാധ്യമാണ്. മുക്താവസ്ഥയിലെത്തിയ ഒരാള്‍ക്കും ജനിമരണചക്രത്തില്‍ നിന്നും പുറത്തു കടക്കണമെങ്കില്‍ജന്മാന്തരങ്ങളിലൂടെ നേടിയ കര്‍മ്മരേണുക്കളെയെല്ലാം ചുട്ടെരിക്കേണ്ടി വരുന്നു. പിന്നെയും നിയോഗങ്ങള്‍ ബാക്കി... അതിലൊന്നാണ് അവധൂതാവസ്ഥ. ഗുരുദേവന്‍ കഴിഞ്ഞ ജന്മത്തില്‍ഷിര്‍ദ്ദിസായി ബാബ എന്ന അവധൂതനായിരുന്നു. അവധൂതഗുരുക്കന്മാര്‍ പ്രാകൃതവും ഭ്രാന്തവുമായചേഷ്ടകളിലൂടെയും വേഷത്തിലൂടെയും ലോകരെ തന്നില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. അദ്ദേഹംമുക്താവസ്ഥയിലെത്തിയിരിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയോടുള്ള കടം വീട്ടാനായി മാത്രമായിരിക്കുംജന്മമെടുക്കുന്നത്. അടുത്തതാണ് അവതാരാവസ്ഥ. അവതരിക്കുക എന്നാല്‍ ഉയര്‍ന്ന അവസ്ഥയില്‍നിന്നും താഴ്ന്ന അവസ്ഥയിലേക്ക് ഇറങ്ങി വരിക എന്നാണ് (പരമാത്മചൈതന്യം ജീവഭാവംസ്വീകരിക്കുന്നു) അല്ലാതെ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരം എന്നവകാശപ്പെടുന്ന ആള്‍ദൈവം എന്നല്ല. അവതരിക്കുന്നവര്‍ ലോകരെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. ജന്മാന്തരങ്ങളിലൂടെതാന്‍ ആരോടെല്ലാം കടപ്പെട്ടിരിക്കുന്നുവോ ആരോടെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവോ അവരെയെല്ലാംതന്നിലേക്കടുപ്പിച്ച് എല്ലാ കടങ്ങളും വീട്ടുന്നു. ചിലരെല്ലാം അദ്ദേഹത്തിന്റെ സിദ്ധികളില്‍ വിസ്മയിച്ചൂ, മറ്റുചിലര്‍ അദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി, ചിലര്‍ക്ക് അദ്ദേഹം ഗുരുവായിരുന്നു. കൂടുതല്‍ പേര്‍ക്കും അദ്ദേഹം ഈശ്വരന്‍ തന്നെയായിരുന്നു. ചൈതന്യത്തെസാക്ഷാത്കരിച്ച ആള്‍ ചൈതന്യം തന്നെയാണല്ലോ... ചൈതന്യമാണല്ലോ ഈശ്വരന്‍. പക്ഷേ ഈശ്വരന് രോഗാവസ്ഥയോട് മല്ലിടേണ്ടി വന്നു. ഡോക്ടര്‍മാരുടേയും മരുന്നുകളുടേയും സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ടി വന്നു... എന്തുകൊണ്ട്..? ദീര്‍ഘകാലം കാന്‍സര്‍രോഗബാധിതനായിരുന്ന ശ്രീരാമകൃഷ്ണദേവനോട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞഉത്തരം ഇതായിരുന്നുകര്‍മ്മഫലങ്ങളൊന്നും ബാക്കി വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. ഇനിയുള്ളജന്മത്തില്‍ അദ്ദേഹം ഒരു സദ്ഗുരുവായിരിക്കും. ഏറ്റവും ഉന്നതമായ അവസ്ഥ. ജന്മാന്തരങ്ങളിലൂടെ തന്റെ കാലടികള്‍ പിന്തുടര്‍ന്ന് തന്റെ അന്ത:രംഗശിഷ്യരായിത്തീര്‍ന്നവരെ മുക്താവസ്ഥയിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ധര്‍മ്മം. തന്റെ ശിഷ്യരില്‍ ഒരാളെങ്കിലും തനിക്ക്സമനായിത്തീര്‍ന്നാല്‍ അദ്ദേഹത്തിന് ജനനമരണചക്രത്തില്‍ നിന്നും പുറത്തുകടക്കാം, കടക്കാതിരിക്കുകയും ചെയ്യാം , അത് അദ്ദേഹത്തിന്റെ മാത്രം ഇച്ഛ... എനിക്കൊരിക്കലുംഅദ്ദേഹത്തോട് മമത തൊന്നിയിരുന്നില്ല. കര്‍മ്മബന്ധങ്ങളുടെ മുന്‍വഴികളിലൊന്നും ഞാന്‍അദ്ദേഹത്തെ കണ്ടിട്ടുണ്ടാവില്ല .....

Thursday, April 21, 2011

ഞാന്‍ ഭൂമിയില്‍ എത്തിയിട്ട് ഇന്നു 31വര്‍ഷമായിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ വിസ്മയമാണു തോന്നുന്നത്. ഈ വഴികളിലൂടെയെല്ലാം നടന്നെത്തിയതു ഞാന്‍ തന്നെയോ.... ഇത്രയും വര്‍ഷങ്ങള്‍ കടന്നു പോയതു ഞാന്‍ അറിഞ്ഞതേയില്ല. ഞാന്‍ സ്കൂളില്‍ നിന്നും വയലിലൂടെ നടന്നു വരുമ്പോള്‍ അച്ഛന്‍ എന്നും കാത്തു നില്‍ക്കുമായിരുന്നു. നെല്ലിനിടയിലൂടെ ഒരു കുട വരുന്നതു മാത്രമേ കാണുമയിരുന്നുള്ളു എന്ന് പറഞ്ഞ് അച്ഛന്‍ ഇപ്പൊഴും കളിയാക്കും..എനിക്കന്ന് ഒരു നെല്ലിന്റെയത്ര പൊക്കമേയുണ്ടായിരുന്നുള്ളു.. അതൊക്കെ കഴിഞ്ഞതു അടുത്ത കാലത്തെപ്പോഴോ ആണെന്നു തോന്നും......പിന്നീട് ഗുരുവില്‍ നിന്നും മന്ത്രദീക്ഷ ലഭിച്ചപ്പോള്‍ ഭാരതത്തിലെ പൌരാണികമായ ഗുരുശിഷ്യപരമ്പരയില്‍ ഞാനുമൊരംഗമായിരിക്കുന്നുവെന്ന് തോന്നിയപ്പോഴുണ്ടായ അനുഭൂതികള്‍... പുതിയ അറിവുകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു...പ്രാണന്‍ പിടയുമ്പോഴെല്ലാം അതൊരു തിരിച്ചറിവാണെന്നു ഞാന്‍ കരുതി. ഈ വഴികളെല്ലാം ഇതിനു മുന്‍പും എനിക്കു പരിചിതമാണെന്ന തിരിച്ചറിവ്... ഉറങ്ങാതെ പുറത്തിറങ്ങി നിലാവില്‍ നോക്കി സന്തോഷിച്ചിരുന്ന എത്രയോ രാത്രികള്‍....അതൊക്കെ ഏതോ ഒരു പുരാതനകാലത്ത് മറ്റേതോ ജന്മത്തു നടന്നതു പൊലെ... ആ അനുഭൂതികളും വിസ്മയങ്ങളുമെല്ലാം നഷ്ടപ്പെട്ടപ്പോള്‍ വേദനയുടെ എത്രയൊ വലിയ കയത്തിലേക്കാണ് ഞാന്‍ വീണുപോയത്... ശരീരവും മനസ്സും ബുദ്ധിയുമെല്ലാം മരവിച്ചു പോയ എത്രയോ വര്‍ഷങ്ങള്‍....ഒരു നാലു വര്‍ഷമെങ്കിലും വിശപ്പെന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ആഹാരം കഴിക്കാന്‍ വേണ്ടി ധാരാളം കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച വിനി മുതല്‍ സൌഹൃദം എന്ന വാക്കിന്റെ അര്‍ഥം സുകൃതം എന്നാണെന്ന് അനുഭവപ്പെടുത്തിയ എത്രയോ സുഹൃത്തുക്കള്‍.... ഓരോ പിറന്നാള്‍ ദിനത്തിലും ആകാംഷയേക്കാള്‍ ആശങ്കയാണെനിക്ക്....ഓരൊ വര്‍ഷവും പുതിയ ജീവിതമായിരിക്കും. പുതിയ സാഹചര്യങ്ങള്‍, പുതിയ സൌഹൃദങ്ങള്‍, പുതിയ ശീലങ്ങള്‍, മറ്റൊരു സ്വഭാവം.....എല്ലാം അടുത്ത പിറന്നാളിനു മുന്‍പ് വീണ്ടും മാറിയിരിക്കും... കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ വിദൂരമായി പോലും സങ്കല്‍പ്പിച്ചിരുന്നില്ല PhD വേണ്ടെന്നു വയ്ക്കുമെന്ന്.....ഒരു രണ്ടു വര്‍ഷം മുന്‍പു വരെ ഫോണ്‍ ചെവിയില്‍ നിന്നു മാറ്റാറില്ലായിരുന്ന ഞാന്‍ ഇപ്പോള്‍ ഫോണ്‍ ഉപയൊഗിക്കുന്നത് വല്ലപ്പോഴും സമയം നോക്കാന്‍... ഫോണ്‍ ഓഫായാല്‍ ദിവസങ്ങളോളം ഞാനത് അറിയില്ല... എന്തിനു ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍നമ്പറിന്റെ ആദ്യത്തെ രണ്ടക്കമേ ഇപ്പോഴും എനിക്കറിയൂ.... വരാനിരിക്കുന്ന വര്‍ഷങ്ങള്‍ എപ്പോഴും എന്റെ സങ്കല്‍പ്പത്തിനപ്പുറമായിരുന്നു.....വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ കാലം എന്നെ നടത്തി ......ആ വഴികളിലൊക്കെ ഇനി ഞാനുണ്ടാകുമോ...? എല്ലാവരിലുമെന്നപൊലെ എന്നിലൂടെയും വിസ്മയങ്ങള്‍ നിറച്ചുകൊണ്ട് കാലം ഒഴുകുന്നു...അതോ ഞാന്‍ കാലത്തിലൂടെ ഒഴുകുകയാണോ...

Wednesday, April 13, 2011

ജന്മാന്തരങ്ങള്‍ വെറും സങ്കല്പമെന്നു എങ്ങനെ കരുതാനാവും..? വെറുതെ കിടക്കുന്ന ഒരു കല്ലിലോ നിസാരമായ ഒരു പുല്ച്ചെടിയിലോ പോലുമുള്ള പ്രകൃതിയുടെ ആസൂത്രണം വിസ്മയിപ്പിക്കുന്നതാണ്. ഒരു ചെറിയ തീപ്പൊരി പൊലും ശൂന്യതയില്‍ നിന്നുണ്ടായി ശൂന്യതയില്‍ ലയിക്കുന്നില്ല. അതിനും വന്ന വഴിയും പോയ വഴിയും ഉണ്ട്. അപ്പോള്‍ പിന്നെ ഒരു മനുഷ്യന്റെ ജീവന്‍ ശൂന്യതയില്‍ നിന്നുണ്ടായി ശൂന്യതയില്‍ മറയുന്നുവെന്ന് എങ്ങിനെ വിശ്വസിക്കാനാവും.... അനുഭവങ്ങള്‍ പതിയുന്നത് പ്രാണനിലാണ്. പ്രാണനില്‍
പതിയുന്ന അനുഭവങ്ങളെ (ഈ ശരീരം സാക്ഷിയായ അനുഭവങ്ങളെ മാത്രം) ഓര്‍ത്തെടുക്കാന്‍ സഹായിക്കുക മാത്രമാണ് തലച്ചോറിന്റെ പങ്കെന്നാണ് ( protein bonds) ഇതു വരെ കണ്ടെത്തിയിട്ടുള്ളത് . ശരീരം നശിച്ചു കഴിഞ്ഞ് പിന്നെയും വ്യക്തിത്വം നിലനില്‍ക്കുന്നു. മരണം ഒരു ഫുള്‍സ്റ്റോപ്പാണെന്നും അതിനപ്പുറം ശൂന്യതയാണെന്നും വിശ്വസിക്കാന്‍ എനിക്കാവില്ല. അതൊരു ഇടവേളയായിരിക്കും... ഏകാന്തമായൊരു യാത്ര....പുതിയൊരു ശരീരം ലഭിക്കുന്നതു വരെ... പുതിയ നാടകം തുടങ്ങുന്നതു വരെ.. കഥയും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മാറുന്നുണ്ടെങ്കിലും അഭിനയിക്കുന്നത് പഴയ ആള്‍ തന്നെ. പുതിയ നാടകം ആരംഭിക്കുമ്പോള്‍ പഴയ റോള്‍ മറന്നു പോകുന്നത് സത്യത്തില്‍ അനുഗൃഹം തന്നെയാണ്. എങ്കിലല്ലേ പുതിയ ബന്ധങ്ങളില്‍ മമത തോന്നുകയുള്ളൂ... ഏതോ ഒരു കഥാപാത്രമായിട്ട് ഞാന്‍ അഭിനയിക്കുന്നു. ആ കഥാപാത്രമായിട്ടു മാത്രം ഞാന്‍ എന്നെ തിരിച്ചറിയുന്നു. ഈ അഭിനയിക്കുന്ന ഞാന്‍ ആരെന്നു മാത്രം തിരിച്ചറിയാന്‍ പറ്റുന്നില്ല. തിരിച്ചറിയാന്‍ സാധിച്ചാല്‍, ആ തിരിച്ചറിവില്‍ എന്റെ വ്യക്തിത്വം നശിച്ച് ഞാനെന്റെ അസ്തിത്വത്തിന്റെ ഭാഗമായിത്തീരുമത്രെ.... ആ തിരിച്ചറിവുണ്ടാകും വരെ, ഓരോരോ വിഡ്ഡിവേഷങ്ങള്‍ കെട്ടി ആടിക്കൊണ്ടേയിരിക്കും......

Design by The Blogger Templates Blogger Blog Templates

Design by The Blogger Templates