Friday, February 19, 2010

ഗുരു

ആ മഹാസാഗരത്തില്‍ ഞാന്‍ ഒഴുകി നടന്നു. ഒന്നാണെന്നു തിരിച്ചറിയുമ്പോഴും രണ്ടെന്നുള്ള ഈ അനുഭവം എത്ര അസഹനീയമാണ്. സ്ഥൂലത്തില്‍ ഞങ്ങള്‍ സമുദ്രവും മഞ്ഞുകട്ടയുമാണെങ്കിലും കാരണത്തില്‍ ഞങ്ങള്‍ ജലമാണ്. എന്റെ അസ്ഥിത്വത്തില്‍ നിന്നും വെറുമൊരു മഞ്ഞുകട്ടയുടെ വ്യക്തിത്വത്തിലേക്ക് ഞാന്‍ എങ്ങിനെ വേര്‍പെട്ടു പോയി എന്നത് എനിക്കിന്നും അജ്ഞാതമാണ്. സത്യത്തില്‍ ഈ സ്വാതന്ത്ര്യം, ഈ വ്യക്തിത്വം, ഈ അലച്ചില്‍ എല്ലാം ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു. ഈ യാത്ര എപ്പോള്‍ ആരംഭിച്ചു എന്നൊന്നും എനിക്കറിയില്ല. ജന്മാന്തരങ്ങളുടെ സ്മരണകളൊന്നും എന്നിലവശേഷിക്കുന്നില്ലെങ്കിലും ഉള്ളിന്റെ ഉള്ളിലെവിടെയോ ആവര്‍ത്തനവിരസതയുടെ അതൃപ്തി ബാക്കിയാകുന്നു. സൂര്യകിരണങ്ങളെ ഞാന്‍ ഭയന്നിരുന്നു. ആ ദൃഷ്ടിയില്‍പ്പെടാതെ ഞാനെന്നും വഴി മാറി നടന്നു. പക്ഷേ ഇന്നു ഞാന്‍ കത്തിരിക്കുന്നു ആ ദിവ്യജ്യോതിസ്സിനു വേണ്ടി. ആ ജ്ഞാനകിരണങ്ങളുടെ താപമേറ്റ് എന്നിലെ അഹംബോധം ഉരുകി ഇല്ലാതാകും. ഞാന്‍ ഈ മഹാസാഗരത്തില്‍ ലയിച്ചു ചേരും. ഈ മഹാശൂന്യതയില്‍ ലയിച്ചില്ലാതാകും...
ആ ജ്ഞാനസൂര്യന്‍ എന്റെ ഗുരുവാണ്....
ഈ യാത്രയുടെ പരിസമാപ്തി അവിടുത്തെ പാദങ്ങളിലാണ്. എന്റെ ആത്മസത്തയിലേക്കുള്ള മടക്കയാത്രയുടെ തുടക്കവും അവിടെ നിന്നു തന്നെയാണ്..
ത്വമേവ സര്‍വ്വം മമ ദേവദേവ !

0 comments:

Design by The Blogger Templates Blogger Blog Templates

Design by The Blogger Templates